Contributed by : Subin Sukumaran
ഇന്ന് ഭയങ്കര യാതിശ്ചികമായി ഇമ്രാൻ ഹാഷ്മിയുടെ “ആഷിഖ് ബാനായാ ആപ്നെ” പാട്ട് കേട്ടപ്പോഴാണ് ആ പഴയ കാലം വീണ്ടും ഓർമയിലേക്ക് വന്നത്. നമ്മളൊക്കെ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിരുന്ന എന്നാൽ വീട്ടുകാരുള്ളപ്പോൾ കാണാൻ പേടിച്ചിരുന്ന പാട്ടുകളിൽ ഒന്നായിരുന്നല്ലോ അത്. ഇതു പോലുള്ള ലൗ പാട്ടുകൾക്ക് നമ്മുടെ വീട്ടുകാരുമായി അന്ന് ഭയങ്കരമായൊരു കണക്ഷൻ ഉണ്ടായിരുന്നു . നമ്മൾ ഒറ്റയ്ക്ക് ടീവി കാണുമ്പോൾ ഈ പാട്ടൊന്നും ടീവിയിൽ വരില്ല. ആരെങ്കിലും നമ്മുടെ കൂടെ ഉള്ളപ്പോൾ അതുമല്ലെങ്കിൽ ടീവി കാണുന്ന നമ്മുടെ അടുത്തൂടെ ആരെങ്കിലും ഒന്ന് പാസ് ചെയ്യുമ്പോൾ അപ്പോഴൊക്കെ ആയിരിക്കും ഈ പാട്ട് വരുന്നത്. പിന്നെ അത് മനസാമാധനത്തോടെ കാണാനും പറ്റില്ല. Billu വിലെ “Love mere hit hit” ഒരു കുഴപ്പവുമില്ലാതെ കണ്ട് കൊണ്ടിരുന്നപ്പോഴാണ് അമ്മ അതിലൂടെ പാസ് ചെയ്തത്. ദാണ്ട്രാ അപ്പോ കൃത്യമായി ദീപിക ഓവർ കൊട്ട് ഊരി എറിയുന്നു. പിന്നെ നടന്നത് ചരിത്രം. ഇമ്മാതിരി ടൈംമിംഗ് ആയിരുന്നു അത്തരം പാട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത. “Katti pudi katti pudi da”, jadu hai nasha hai, dilbar shikdum shikdum, അങ്ങനെ എത്രയെത്ര പാട്ടുകൾ. ആക്രാന്തവും പിന്നെ കുറച്ച് curiosity യും അതിനേക്കാളെറേ വീട്ടുകാരെ പേടിയുമുണ്ടായിരുന്ന കാലം. നമ്മളൊക്കെ വല്ലാതെ വളർന്നു പന്തലിച്ചു പോയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ന് നമുക്ക് ആ പാട്ടുകളൊക്കെ ആരെയും പേടിക്കാതെ കാണാൻ പറ്റുന്നു എന്നുള്ളത്. മലയാളത്തിലും ഉണ്ടായിട്ടുണ്ട് അങ്ങനെയുള്ള കുറെ പാട്ടുകൾ. ഇന്ന് നമ്മൾ നമ്മൾ സംസാരിക്കാൻ പോകുന്നത് വീട്ടുകാരോടൊപ്പം കാണാൻ പേടിച്ചിരുന്ന ചില മലയാളം പാട്ടുകളെ കുറിച്ചാണ്.
1)ഏഴിമല പൂഞ്ചോല
1995 ൽ ഭദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് സ്പടികം. സ്പടികം സിനിമയിലെ രസമുള്ളൊരു പാട്ടാണ് ഏഴിമല പൂഞ്ചോല എന്ന പാട്ട്. പാട്ട് രസമുള്ളതാണെങ്കിലും നമ്മുടെ ചെറുപ്പത്തിൽ ഈ പാട്ടിന്റെ രസം വേണ്ട രീതിയിൽ ആസ്വതിക്കാൻ പറ്റാതെ പോയവരാണ് നമ്മളിൽ പലരും. മോഹൻ ലാലും കെ എസ് ചിത്രയും ചേർന്ന് പാടിയിരിക്കുന്ന പാട്ട് കളർ ആക്കുന്നത് സിൽക്ക് സ്മിതയാണ്. പാട്ട് ഇത്രയും വലിയ ആവേശമായി മാറിയതിൽ സിൽക്ക് സ്മിത വഹിച്ച പങ്ക് അത് ചെറുതൊന്നുമല്ല. ഒരു സാധാരണ പെണ്ണിന്റെയുള്ളിലുള്ള പ്രേമത്തെ പറ്റിയാണ് ഈ പാട്ടിൽ പറയുന്നത്.
താൻ ഭയങ്കരമായി ഇഷ്ട്ടപെടുന്ന ആളെ വേറെ ആരെങ്കിലും അടിച്ചോണ്ട് പോകുമോ എന്ന് പേടിക്കുന്ന കുശുമ്പുള്ള ഒരു പെണ്ണിന്റെതാണ് പാട്ട്. കാട്ടുറുമ്പിനോടും കാക്ക കറുമ്പിയോടും പോലും അവൾ എന്റെ ചെക്കനെ നോക്കരുതെന്ന് ഒക്കെ പറയുന്നുണ്ട്. ആ ഒരു കുശുമ്പ് ആണ് ഈ പാട്ടിന്റെ രസം. പി ഭാസ്കരൻ എഴുതിയ വരികൾക്ക് എസ് പി വെങ്കിടെഷ് ആണ് ഈണം കൊടുത്തുത്. സിൽക്ക് സ്മിതയാണ് പാട്ടിൽ അഭിനയിച്ചിരുന്നത് എന്ന് കൊണ്ട് തന്നെ നമ്മുടെയൊക്കെ ചെറുപ്പത്തിൽ ഈ പാട്ട് വീട്ടിലിരുന്ന് കാണാൻ പറ്റാറില്ലായിരുന്നു.
2) ചെമ്പൂവേ
1996 ൽ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് കാലാപാനി. കാലപാനിയിൽ ശുദ്ധധന്യാസി രാഗത്തിൽ വരുന്നൊരു പാട്ടാണ് ചെമ്പൂവേ പൂവേ എന്ന പാട്ട്. പാട്ട് കേൾക്കാൻ അടിപൊളിയാണ് എങ്കിലും പണ്ടൊക്കെ അതിന്റെ വീഡിയോ കണ്ടിരുന്നത് ഒളിച്ചിരുന്നാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ലിറിക്സിന് ഇളയ രാജയാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. എം ജി ശ്രീകുമാറും ചിത്രയും ചേർന്നാണ് ഇത് പാടിയിരിക്കുന്നത്.
പ്രിയദർശൻ സിനിമകളുടെ ഏറ്റവും വലിയ പ്രകത്യേകത എന്താണെന്ന് വച്ചാൽ പുള്ളിടെ പാട്ടുകളും അതിന്റെ വിഷ്വൽസും ഓക്കേ ഭയങ്കര അടിപൊളിയായിരിക്കും എന്നുള്ളതാണ്. അമ്മാതിരി ഫ്രേമിങ് സെൻസാണ് പുള്ളിക്കുള്ളത്. മോഹൻ ലാലും tabu വും പ്രേമിക്കുന്ന ഈ പാട്ടിന്റെ വിഷ്വൽസ് ഭയങ്കര അടിപൊളിയാണ്. അന്ന് തീരെ വിശ്വൽസ് സെൻസില്ലാതിരുന്ന വീട്ടുകാർ നമ്മളെ അതൊന്നും കാണിക്കാൻ അനുവദിക്കുമായിരുന്നില്ല എന്നത് ഇന്ന് സങ്കടത്തോടെ ഓർക്കുന്നു.
3) ഇന്ദ്ര നീലിമയോലും
മഹാഭാരതത്തിലെ ചെറിയൊരു കഥ എടുത്ത് 1989 ൽ ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് വൈശാലി. ബോംബെ രവി ഈണമിട്ട രണ്ട് പാട്ടുകളാണ് സിനിമയിലുള്ളത്. അത് രണ്ടും ഹിന്ദോള രാഗത്തില്‍ തന്നെ ഉള്ളതാണ്. ഒ ൻ വി കുറുപ്പ് ആണ് ഇതിലെ ലിറിക്സ് എഴുതിയിരിക്കുന്നത്. ഇതിൽ നമ്മളൊക്കെ ചെറുപ്പത്തിൽ കാണാൻ പേടിച്ചിരുന്നൊരു പാട്ടാണ് കെ എസ് ചിത്ര പാടിയ ഇന്ദ്ര നീലിമയോലും എന്ന പാട്ട്. ഋഷ്യ ശൃംഗന്‍ ആദ്യമായി ഒരു പെണ്ണിന്റെ ശരീര സൗന്ദര്യം കാണുന്നതും അത് ആസ്വദിക്കുന്നതുമായ രീതിയിലാണ് ഈ പാട്ട് ഷൂട്ട് ചെയ്തിരിക്കുന്നത്. അന്നത്തെ നമ്മളും ഏതാണ്ട് ഋഷ്യ ശൃംഗന്‍ ന്റെ അതേ അവസ്ഥയിലായിരുന്നല്ലോ. അതുകൊണ്ട് തന്നെ ആരും കാണാതെ അന്ന് നമ്മളും വൈശാലിയുടെ സൗന്ദര്യം പലപ്പോഴും ആസ്വതിക്കാൻ ശ്രമിച്ചിട്ടുണ്ട്. മികച്ച ഗാന രചയിതാവിനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകൾ വൈശാലിയിലൂടെ ഒ എന്‍ വി കുറുപ്പ് നേടിയിട്ടുണ്ട് .അത് പോലെ തന്നെ മികച്ച പിന്നണി ഗായികക്കുള്ള അവാര്‍ഡ് കെ എസ് ചിത്രയും ഈ സിനിമയിലൂടെ സ്വന്തമാക്കി.
4) മാലേയം മാറോടലിഞ്ഞും
T k rajeev Kumar 1995 ൽ സംവിധാനം ചെയ്ത സിനിമയാണ് തച്ചോളി വര്‍ഗ്ഗീസ് ചേകവർ. ഈ സിനിമയിലെ ” മാലേയം മറോടലിഞ്ഞു” എന്ന പാട്ട് കേട്ടിട്ട് സാക്ഷാല്‍ എ ആര്‍ റഹ്മാനെ വരെ ഞെട്ടിപോയിട്ടുണ്ട്. അന്ന് അതിന്റെ വീഡിയോ കണ്ട് നമ്മളും. മോഹന രാഗത്തിലുള്ള പാട്ടുകൾ റഹ്മാനും ഒരുപാട് ചെയ്തിട്ടുണ്ട് എങ്കിലും മോഹന രാഗത്തിന്റെ അതുവരെ കാണാത്ത ഒരു Erotic feel കൊണ്ട് വരാൻ പറ്റിയത് ശരത്തിനാണ്. മറ്റൊരു മ്യൂസിക് ഡയറക്ടറും അത് വരെ കൊണ്ടുവരാതിരുന്ന ആ മൂഡ് ആണത്രേ അന്ന് റഹ്മാനെ ഞെട്ടിച്ചത്. ലൈംഗ ആകർഷണം തോന്നിയ പുരുഷനെ വശീകരിക്കുന്ന രീതിയിലാണ് ഈ പാട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് കണ്ട് നമ്മളന്ന് വശീകരിക്കപെടുകയും ആരും കാണാതെ ഒളിച്ചിരുന്ന് ഈ പാട്ട് കാണുകയും ചെയ്തിട്ടുണ്ട്. കെ എസ് ചിത്ര പാടിയിരിക്കുന്ന ഈ പാട്ട് സംഗീത സംവിധായകൻ ശരത് ഏറെ ബുദ്ധിമുട്ടിയായിരുന്നത്രേ ചിത്രയെ കൊണ്ട് പാടിച്ചിരുന്നത്. കാരണം ചിത്രയെ തന്റെ സ്വന്തം ചേച്ചിയെ പോലെയായിരുന്നു ശരത്ത് കണ്ടിരുന്നത്. അത് കൊണ്ട് ആ പാട്ടിന്റെ വികാരം കൃത്യമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല. പാട്ടിന്റെ ലിറിക്സ് എഴുതിയ ഗിരീഷ് പുത്തഞ്ചേരി എല്ലാം പച്ചക്കാണ് എഴുതി വച്ചിരിക്കുന്നതും. ആരും പറയാതെ തന്നെ സംഭവം മനസ്സിലാക്കിയ ചിത്ര എന്താണോ പാട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് അത് അതെ പോലെ തന്നെ പാടുകയായിരുന്നു. ആ പാട്ടിലുള്ള വികാരം ചിത്ര ചേച്ചി മനസിലാക്കിയില്ലായിരുന്നു എങ്കില്‍ തന്‍റെ മലേയം മാറോടലിഞ്ഞും എന്ന പാട്ട് എന്നെന്നേക്കുമായി മോഹന രാഗത്തിലെ വെറുമൊരു ഭക്തി ഗാനമായി മാറുമായിരുന്നു എന്ന് കുറച്ച് കാലം മുമ്പ് ഏതോ വേദിയിൽ തമാശയായി ശരത് പറഞ്ഞിരുന്നു.
5) കണ്ണോരം ചിങ്കാരം
ടി കെ രാജീവ് കുമാർ 2011 ൽ സംവിധാനം ചെയ്ത സിനിമയാണ് രതിനിർവ്വേദം. മുതിർന്ന സ്ത്രീയോട് കൗമാര പ്രായത്തിലുള്ള ഒരു പയ്യന് ലൈംഗികമായ കൗതുകം തോന്നുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയിലൂടെ പറയുന്നത്. അത് കൊണ്ട് തന്നെ സിനിമയുടെ പേര് പോലും അന്ന് വീട്ടിലിരുന്ന് പറയാൻ നമുക്ക് പേടിയായിരുന്നു. എന്നാലും സിനിമയിലെ പാട്ടുകൾ ടീവിയിൽ വരാൻ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതിലെ എല്ലാ പാട്ടും അടിപൊളിയാണെങ്കിലും കണ്ണോരം ചിങ്കാരം ആണ് കൂടുതലും കാണാൻ ആഗ്രഹിച്ചിരുന്നത്. വസന്ത രാഗത്തിലുള്ള ഈ പാട്ട് ശ്രേയ ഗോഷാൽ ആണ് പാടിയിരിക്കുന്നത്. മുരുകൻ കാട്ടകട ലിറിക്സും എം ജയചന്ദ്രൻ മ്യൂസിക് ചെയ്തിരിക്കുന്ന പാട്ട് വീട്ടിൽ ഒറ്റക്കാവുമ്പോൾ ഒരിക്കൽ പോലും ടീവിയിൽ വരാതിരുന്നൊരു പാട്ട് കൂടിയാണ്.
6)തങ്കത്തിങ്കൾ കിളിയായ് കുറുകാം
ഹരിദാസിന്റെ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ സിനിമയാണ് ഇന്ദ്രപ്രസ്ഥം. സിനിമയിൽ സാരംഗ രാഗത്തിലുള്ളൊരു പാട്ടാണ് തങ്കത്തിങ്കൾക്കിളിയായ് കുറുകാം. ഗിരീഷ് പുത്തഞ്ചേരിയാണ് ലിറിക്സ്. എം ജി ശ്രീകുമാറും ചിത്രയും പാടിയിരിക്കുന്ന പാട്ട് വിദ്യസാഗർ ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്. ഇന്നും എല്ലാ ബസ്സിലും ഒരുപോലെ വച്ച് കേൾക്കുന്നൊരു പാട്ടാണിത്. കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നൊരു പാട്ടാണ് ഇതെങ്കിലും പണ്ട് കാണാൻ ഭയങ്കരമായി പേടിച്ചിരുന്നൊരു പാട്ട് കൂടിയാണിത്.
7) ചാന്തു കുടഞ്ഞൊരു സൂര്യൻ
2005 ൽ ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണ് ചാന്ത് പൊട്ട്. സിനിമയിലെ രസമുള്ളൊരു പാട്ടാണ് ശഹബാസ് അമൻ പാടിയ ചാന്തു കുടഞ്ഞൊരു സൂര്യൻ എന്ന പാട്ട്. കീരവാണി രാഗത്തിൽ വരുന്ന ഈ പാട്ടിന്റെ ലിറിക്സ് വയലാർ ശരത് ചന്ദ്ര വർമയും മ്യൂസിക് വിദ്യാ സഗാറുമാണ്. രാധ കൃഷ്ണന് മാലതിയെ ഭയങ്കര ഇഷ്ട്ടമാണ് എന്നാലും അവള് തന്നെ വിട്ട് പോകുമോ എന്നൊരു പേടി പുള്ളിക്കുണ്ട്. ഞാൻ നിന്നെ വിട്ട് പോകില്ലെന്ന് മാലതി പറയുകയും തുടർന്ന് അവര് തമ്മിലുള്ള പ്രേമവും കാണിക്കുന്നതാണ് പാട്ട്. കടൽ തീരത്തുള്ള പ്രേമം എത്രയോ തവണ പണ്ട് നമ്മൾ കാണാൻ കൊതിച്ചിരുന്നു.
8)ജൂണിലെ നിലാമഴയിൽ
വിജി തമ്പിയുടെ സംവിധാനത്തിൽ 2009ൽ റിലീസ് ആയ സിനിമയാണ് നമ്മൾ തമ്മിൽ. സിനിമയിൽ ധർബാരികാനഡ രാഗത്തിൽ വരുന്നൊരു അടിപൊളി പാട്ടാണ് ജൂണിലെ നിലാമഴയിൽ എന്ന പാട്ട്. ഗിരീഷ് പുത്തൻഞ്ചേരിയുടെ വരികൾക്ക് എം ജയ ചന്ദ്രന്റെ മ്യൂസിക് കൂടി ആയപ്പോൾ സംഗതി കളർ ആയി. അത് യേശുദാസും സുജാത മോഹനും ചേർന്ന് പാടുകയും കൂടി ചെയ്തതോടെ സംഭവം കൂടുതൽ രസമായി.
കാലങ്ങളോളം ഈ പാട്ട് ടിവിയിൽ വെരുംമ്പോൾ ഒറ്റക്കിരുന്നു കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. എന്നാലും അതെങ്ങനെ കാണാനാണ് പ്രിത്വി രാജ് ഗീതു മോഹൻ ദാസിനെ ഉമ്മ വയ്ക്കുന്നതും ആരെങ്കിലും വാതില് തുറന്നു വരുന്നതും ഒരുമിച്ചല്ലേ..
9)ഒരു നൂറാശകൾ
രഞ്ജി ലാൽ 2006 ൽ സംവിധാനം ചെയ്ത സിനിമയാണ് എന്നിട്ടും. ഈ സിനിമ അധികം ശ്രദ്ധിക്കാതെ പോയ ഒന്നാണ്. എന്നാലും ഇതിലെ ഒരു നൂറാശകൾ എന്ന പാട്ട് പറഞ്ഞാൽ എല്ലാവർക്കും അറിയും. ജാസി ഗിഫ്റ്റ് മ്യൂസിക് ചെയ്ത് കൈതപ്രം ലിറിക്സ് എഴുതി കെ എസ് ചിത്രയും ശ്രീനിവാസും ചേർന്ന് പാടിയ ബ്യൂട്ടിഫുൾ ആയൊരു പ്രണയ ഗാനം. പാട്ട് ഭയങ്കര ഹിറ്റ് ആയിരുന്നു അന്ന്. ടീവിയിലൊക്കെ ഇടക്ക് വന്നിരുന്ന പാട്ട് പക്ഷെ സമാധാനത്തോടെ കാണാൻ പറ്റാറില്ലായിരുന്നെന്ന് മാത്രം.
10) കുഴലൂതും പൂന്തെന്നലേ
2009 ൽ ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയാണ് ഭ്രമരം. ഭ്രമരത്തിൽ അനിൽ പനച്ചൂരാൻ ലിറിക്സ് എഴുതി മോഹൻ സിതാര മ്യൂസിക് ചെയ്ത പാട്ടാണ് കുഴലൂതും പൂന്തെന്നലേ എന്നത്. ജി വേണു ഗോപാലനും സുജാത മോഹനും ചേർന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മോഹൻ ലാലും ഭൂമികയും കരിമ്പിന് തോട്ടത്തിലൂടെ പ്രേമിക്കുന്നത് കാണാൻ കൊതിച്ചിരുന്ന ബാല്ല്യം എനിക്കും ഉണ്ടായിരുന്നു.