Contributed by : Subin Sukumaran
കേരളത്തിലെ കോട്ടകൾ അത് മഹത്തായ ചരിത്ര ഭൂതകാലത്തിന്റെ തെളിയാണ് അവശേഷിക്കുന്നത്. ഈ അവശിഷ്ടങ്ങൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്നവയാണ്. അതിന്റെ പ്രധാന കാരണം ഈ കോട്ടകൾ നമ്മളെ പഴയ കാലത്തെക്ക് തിരിഞ്ഞു നടക്കാനുള്ള അവസരമൊരുക്കുന്നു എന്നത് കൊണ്ടാണ്.
1.ബേക്കൽ കോട്ട
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടു നിന്ന് ഏതാണ്ട് എട്ടുകിലോമീറ്റര്‍ മുന്നോട്ട് പോയാൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലെത്താം. അറബിക്കടലിന്റെ തീരത്ത് ഏകദേശം 30 മുതൽ 40 ഏക്കര്‍ വരെ വിസ്തൃതിയില്‍ വൃത്താകാരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള ഈ കോട്ടയ്ക്ക് ഇന്നും വലിയ രീതിയിലുള്ള ബലഹീനതകളൊന്നും വന്നിട്ടില്ല . ഇപ്പോഴും അത് ചരിത്ര സ്നേഹികളെയും സഞ്ചാരികളെയും ആകര്‍ഷിച്ചു കൊണ്ട് തല ഉയര്‍ത്തി തന്നെ നില്‍ക്കുകയാണ്. 1650 ഏ ഡിയില്‍ ശിവപ്പ നായ്ക്കാണ് ഈ കോട്ട പണിതതെന്ന് പറയപ്പെടുന്നു.
2. പാലക്കാട് കോട്ട
കേരള ചരിത്രത്തിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നതാണ് മൈസൂർ ആക്രമണങ്ങൾ. അതിന്റെ പ്രമുഖമായ ഒരു സ്മാരകമാണ് ഈ പാലക്കാട് കോട്ട. ഇന്ന് ആർക്കിയോളജിക്കൽ സർവേയുടെ സംരക്ഷണയിലാണ് പാലക്കാട് കോട്ടയുള്ളത്. വളരെ തിരക്കുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. കൂടുതലും പ്രഭാത സായാഹ്ന സവാരികൾക്കായി എത്തുന്നവരുടെ തിരക്കാണിവിടെ. അവർക്കായി ഇവിടെ പ്രത്യേക നടപ്പാതയും ഒരുക്കിയിട്ടുണ്ട് . 1766ൽ കോട്ടയുടെ നിർമാണം പൂർത്തിയായതായാണ് ആർക്കിയോവജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ രേഖകളിൽ പറയുന്നത്. ഫ്രഞ്ചുകാരനായ ഒരു എൻജിനീയർക്കായിരുന്നു അന്ന് കോട്ട പണിയുന്നതിന്റെ ചുമതല.
3.സെന്റ് ആഞ്ജലോ കോട്ട
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് അവശേഷിക്കുന്ന ചരിത്ര നിര്‍മ്മിതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സെന്റ് ആഞ്ചലോസ് കോട്ട എന്നറിയപ്പെടുന്ന കണ്ണൂര്‍ കോട്ട. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാന്‍സിസ്കോ ദ് ആല്‍മീദ 1505ലാണ് ഈ കോട്ട പണിതത് . വലിയ കിടങ്ങുകളോടെ വെട്ടുകല്ലില്‍ പണിതെടുത്ത ത്രികോണാകൃതിയിലുള്ള ഒരു നിര്‍മ്മിതിയാണിത്. പിന്നീട് ഡച്ചുകാരും അതിനു ശേഷം വന്ന ബ്രിട്ടീഷുകാരും ഈ കോട്ട അവരുടെ സൈനിക ആസ്ഥാനവും കൂടാതെ അധികാര കേന്ദ്രവുമൊക്കെയാക്കി മാറ്റിയിരുന്നു .
4. തലശ്ശേരി കോട്ട
തലശ്ശേരിയിൽ 1705 ൽ നിർമിക്ക പെട്ട കോട്ടയാണിത് . ചതുരാകൃതിയിൽ ചെങ്കല്ലുകൾ കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഒരുകാലത്ത് തലശ്ശേരിയുടെ തന്നെ വികസനത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഈ ഒരു കോട്ടയായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമായാണ് നില കൊള്ളുന്നത് . ഈ കോട്ടയെ കേന്ദ്രീകരിച്ചാണു അന്ന് തലശ്ശേരി പട്ടണം തന്നെ വളരാൻ തുടങ്ങിയത്.
5. ചന്ദ്രഗിരിക്കോട്ട
കാസർഗോഡ് ടൗണിനു തെക്കുകിഴക്കായി നിലനിൽക്കുന്ന മറ്റൊരു ചരിത്ര സ്‌മാരകമാണ് ഈ ചന്ദ്രഗിരി കോട്ട. പുരാതനകാലത്ത് കോലത്തുനാടിന്റെയും തുളുനാടിന്റെയുമൊക്കെ അതിരായി കണക്കാക്കിയിരുന്നത് ചന്ദ്രഗിരി പുഴയെയാണ്. കോലത്തുനാടിനു കീഴിലായിരുന്ന ചന്ദ്രഗിരി വിജയനഗര വാഴ്‌ച്ചക്കാലത്ത് അവരുടെ പ്രതാപത്തിനു കീഴിലായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചതോടെ ബേഡന്നൂര്‍ നായ്‌ക്കന്മാരുടെ കീഴിലായി ചന്ദ്രഗിരി. 17ാം നൂറ്റാണ്ടിന്റെ ആദ്യം ബേഡന്നൂര്‍ രാജവംശത്തിലെ ശിവപ്പ നായിക്കാണ് ചന്ദ്രഗിരിക്കോട്ടയുടെ നിര്‍മ്മാണത്തിനു നേതൃത്വം നൽകിയത് .
6. ചേറ്റുവ കോട്ട
ചേറ്റുവായ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ചേറ്റുവ കോട്ടയെ ടിപ്പു സുൽത്താൻ കുറച്ചുകാലം കൈവശപ്പെടുത്തിയിരുന്നു. അത്കൊണ്ട് ടിപ്പു സുൽത്താന്റെ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നുണ്ട് . കേരളത്തിലെ മറ്റെല്ലാ കോട്ടകളും പോർച്ചുഗീസുകാരിൽ നിന്ന് ഡച്ചുകാരുടെ അധിനിവേശത്തിലൂടെയുമൊക്കെ പിടിച്ചെടുത്തപ്പോൾ, ഡച്ചുകാർ സ്വന്തമായി1717ൽ നിർമ്മിച്ച ഒരേയൊരു കോട്ടയും ചേറ്റുവ കോട്ടയാണ് .
7.ഹോസ്ദുർഗ്ഗ് കോട്ട
കാസർഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് ഈ ഹോസ്ദുർഗ്ഗ് കോട്ട. കാഞ്ഞങ്ങാട് കോട്ട എന്നും ഈ കോട്ട ഇന്ന് അറിയപ്പെടുന്നുണ്ട് . ഹോസെ ദുർഗ്ഗ അഥവാ പുതിയ കോട്ട എന്ന ചില കന്നഡ പദങ്ങളിൽ നിന്നാണ് ഈ ഹോസ്ദുർഗ്ഗ് എന്ന പേര് ഉണ്ടായത് . വൃത്താകൃതിയിലുള്ള കൊത്തളങ്ങളുള്ള ഈ ഒരു കോട്ട ദൂരെ നിന്നു തന്നെ കാണാവുന്നത്രയും വലുതാണ്. ഇക്കേരി രാജവംശത്തിലെ സോമശേഖര നായിക്ക് ആണ് ഈ കോട്ട പണികഴിപ്പിച്ചത്. ഹോസ്ദുർഗ്ഗ് എന്ന ഈ ഒരു സ്ഥലം നിത്യാനന്ദാശ്രം എന്ന 45 ഗുഹകൾ ഉൾപ്പെടുന്ന ആശ്രമം കോട്ടയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
8.അഞ്ചുതെങ്ങ് കോട്ട
ഈസ്റ്റിന്ത്യാ കമ്പനി ആദ്യമായി കേരളവുമായി നടത്തിയ വ്യാപാര ഉടമ്പടിയുടെ പ്രതീകമായാണ് ചരിത്രത്തിൽ ഈ അഞ്ചുതെങ്ങ് കോട്ടയെ കണക്കാക്കുന്നത് . വ്യാപാര ആവശ്യങ്ങൾക്കായി ഇംഗ്ലീഷുകാർക്ക് ആറ്റിങ്ങൽ റാണി കൊടുത്ത സ്ഥലമായിരുന്നു അഞ്ചുതെങ്ങ്. അഞ്ച് തെങ്ങ് നിന്നിരുന്ന കരപ്രദേശമായിരുന്നത് കൊണ്ടാണ് ആ പേര് വന്നതെന്ന് കരുതപെടുന്നു . അവിടെ പണിത കോട്ടയ്ക്കും പിന്നീട് അതേ പേര് തന്നെയായി. ഇംഗ്ലീഷുകാർ 1695 നിർമിച്ച ഈ കോട്ട പിന്നീട് പലതവണകളിലായി വിദേശീയ ആക്രമണത്തിനിരയായി. ഇന്നിത് കടലിനോടു ചേർന്നു നിൽക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വർക്കലയിൽ നിന്നും ഒരുപാട് അകലെയല്ല എന്നുളളതും ഇങ്ങോട്ടുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടുന്നു.