Contributed by : Subin Sukumaran
എത്ര കണ്ടാലും ഒട്ടും മടുക്കാത്ത ഒന്നുണ്ടെങ്കിൽ അത് ഇടുക്കിയിലെ മനോഹരമായ വെള്ളചാട്ടങ്ങളാണ്. വെള്ള ചാട്ടങ്ങളുടെ സ്വന്തം നാടായ ഇടുക്കിയിലെ ചില വെള്ളചാട്ടങ്ങൾ ഇന്ന് നമുക്ക് പരിജയപെടാം.
1.തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം
കേരളത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം. മലകളുടെയും വെള്ളച്ചാട്ടങ്ങളുടെമൊക്കെ നാടെന്ന് അറിയപ്പെടുന്ന തൊടുപുഴയില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്ററോളം അകലെയായാണ് തൊമ്മന്‍കൂത്ത്. ദേവസുന്ദരികള്‍ കുളിക്കാന്‍ വേണ്ടി വന്നിരുന്നത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഏഴു തട്ടുകളുള്ള ഒരു വെള്ളച്ചാട്ടമാണ്. ട്രക്കിങ്ങിനു പറ്റിയ ഒരു സ്ഥലകൂടിയാണ് തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം.
2.വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
കോട്ടയം കുമളി റൂട്ടില്‍ മുറിഞ്ഞ പുഴയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ഭംഗിയുള്ള വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഹെയര്‍പിന്‍ വളവിലായി സ്ഥിതി ചെയ്യുന്ന ഈ ഒരു വെള്ളച്ചാട്ടം തൊട്ടടുത്തെത്തിയാല്‍ മാത്രമേ നമുക്ക് കാണുവാന്‍ കഴിയുകയൊള്ളൂ . വളഞ്ഞകാനം വെള്ളച്ചാട്ടം,മുറിഞ്ഞപുഴ വെള്ളച്ചാട്ടം, കേലരി വെള്ളച്ചാട്ടം എന്നൊക്കെയുള്ള മറ്റ് പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട് .
3.കീഴാര്‍കുത്ത് വെള്ളച്ചാട്ടം
ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങളിൽ എത്തിച്ചേരാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു വെള്ളച്ചാട്ടമാണ് കീഴാര്‍കുത്ത് വെള്ളച്ചാട്ടം. കൊടും കാടിനുള്ളിലുള്ള ഈ വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ 5 കിലോമീറ്റര്‍ ദൂരത്തോളം കാടിനുള്ളിലൂടെ മാത്രം യാത്ര ചെയ്യണം . തൊടുപുഴയില്‍ നിന്നും കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് 25 കിലോമീറ്റര്‍ ദൂരമാണുള്ളത്.
4.ലക്കോം വെള്ളച്ചാട്ടം
മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള യാത്രയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഈ ലക്കോം വെള്ളച്ചാട്ടം. നദിയില്‍ നിന്നും പുറത്തേക്കായി തള്ളിനില്‍ക്കുന്ന പാറകല്ലുകള്‍ക്കിടയിലൂടെയാണ് ഈ വെള്ളത്തിന്റെ രസമുള്ള ഒഴുക്ക്.
5.ചീയപ്പാറ വെള്ളച്ചാട്ടം
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ എറണാകുളം നേര്യമംഗലത്തിനും ഇടുക്കിയിലെ അടിമാലിക്കും ഇടയിലായി നിലകൊള്ളുന്ന ഒരു വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴുതട്ടുകളിലായി പതിക്കുന്ന ഈ വെള്ളച്ചാട്ടം വര്‍ഷകാലത്താണ് സമൃദ്ധമാകുന്നത്. പൊതുവെ വേനല്‍ക്കാലങ്ങളില്‍ ഇവിടെ വറ്റിവരണ്ട അവസ്ഥയിലാണ് കാണപ്പെടാറുള്ളത് .
6.മദാമക്കുളം വെള്ളച്ചാട്ടം
മലപ്പുറം ജില്ലയിലുള്ള കേരളാംകുണ്ട് വെള്ളച്ചാട്ടത്തിനോട് ഏതാണ്ട് സാമ്യമുള്ള ഒന്നാണ് ഇടുക്കി ജില്ലയിലെ പീരുമേടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മദാമക്കുളം വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതി തന്നെ നിര്‍മ്മിച്ച ഒരു കുളമുണ്ട്. ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇത്.
7.തൂവാനം വെള്ളച്ചാട്ടം
ഇടുക്കിയിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് മൂന്നാറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തൂവാനം വെള്ളച്ചാട്ടം. ഇവിടെ 84 അടി ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. അത് ഏവരെയും ഒരുപോലെ ആകർഷിക്കുന്ന കാഴ്ച്ചയാണ്.
8.പവര്‍ഹൗസ് വെള്ളച്ചാട്ടം
മൂന്നാറിനു അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ഭംഗിയുള്ള വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഒരു പ്രദേശം പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം കൂടിയാണ്. പെരിയാര് വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലേക്കുള്ള യാത്രകളിൽ വിശ്രമിക്കാന്‍ പറ്റുന്ന ഭംഗിയുള്ള കാഴ്ച്ചകൾ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു സ്ഥലം കൂടിയാണിത്.